ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഐതിഹ്യങ്ങളും ചരിത്രവസ്തുതകളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാമൂഹിക-സാംസ്കാരിക പശ്ചാത്തലമാണ് പള്ളിക്കലിനുള്ളത്. പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള അനേകം ഐതിഹ്യങ്ങളും ഈ പ്രദേശത്തിന്റെ സാംസ്കാരസമ്പന്നമായ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു. പള്ളിക്കല്‍ ശ്രീകണ്ഠാളസ്വാമിക്ഷേത്രം, പള്ളിക്കല്‍ ശ്രീസ്വയംഭൂഗണപതി ക്ഷേത്രം, ഹിരണ്യനല്ലൂര്‍ മഹാദേവര്‍ക്ഷേത്രം, പയ്യനല്ലൂര്‍ മായയക്ഷിക്കാവ്, പെരിങ്ങനാട് തൃഛേന്ദ മംഗലം മഹാദേവര്‍ ക്ഷേത്രം, കുറ്റിവിള മഹാദേവര്‍ മൂലക്ഷേത്രം, കുട്ടുങ്ങള്‍ ദേവിക്ഷേത്രം, ചേന്നമ്പള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പഴകുളം പുന്തലവീട്ടില്‍ ദേവീക്ഷേത്രം, തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന പ്രാചീന ക്ഷേത്രങ്ങളാണ്. ഒരുകാലത്ത് ‘പള്ളി’ എന്നറിയപ്പെട്ടിരുന്നത് ബുദ്ധവിഹാരകേന്ദ്രങ്ങളെയാണ്. പഴയ കുന്നത്തൂര്‍ താലൂക്കിലെ പള്ളിക്കല്‍ പ്രദേശത്തുനിന്ന് ഒരു ബുദ്ധവിഗ്രഹം കണ്ടെടുത്ത് പുരാവസ്തുഗവേഷണ വകുപ്പിന്റെ അധീനതയില്‍ സൂക്ഷിച്ചിട്ടുണ്ട്. ‘പള്ളി’ എന്നറിയപ്പെട്ടിരുന്ന ഈ ബുദ്ധവിഹാരങ്ങളുടെ സാന്നിദ്ധ്യത്തില്‍ നിന്നാണ് “പള്ളിക്കല്‍” എന്ന ഈ സ്ഥലനാമം ഉണ്ടായത്. ശ്രീ ശങ്കരന്റെ അദ്വൈത മതപ്രചാരത്തോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും തല്‍സ്ഥാനത്ത് ഹിന്ദുമതം ശക്തിപ്രാപിക്കുകയും ചെയ്തു. ബുദ്ധമത സംസ്കാരത്തെ ഓര്‍മ്മിപ്പിക്കുന്ന പുത്രക്കാട്, പുത്രന്റയ്യം തുടങ്ങിയ സ്ഥല-ഗൃഹനാമങ്ങള്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്. 100 വര്‍ഷം പഴക്കമുള്ള പഴകുളം മുസ്ളീം ദേവാലയം ഈ പ്രദേശത്തെ പ്രമുഖ മുസ്ളീം ആരാധനാലയമാണ്. ഈ പഞ്ചായത്തിലെ പ്രമുഖ ക്രിസ്തീയ ദേവാലയങ്ങള്‍ പഴകുളം റോമന്‍ കത്തോലിക്കാപള്ളി, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്പള്ളി, സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളി, സെന്റ് ജോസഫ് കത്തോലിക്കാ പള്ളി, പാറക്കൂട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി, സെന്റ് ബെസേലിയേസ് പള്ളി, വെള്ളച്ചിറ ആരോഗ്യമാതാ ദേവാലയം എന്നിവയാണ്. ക്ഷേത്രങ്ങളിലും, ക്രൈസ്തവ മുസ്ളീം ദേവാലയങ്ങളിലും നടത്തപ്പെടുന്ന എല്ലാവിധ ഉത്സവങ്ങള്‍ക്കും നിരവധി സമാനതകള്‍ ഉണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും ഉത്സവമേളകളില്‍ വിഭാഗീയ ചിന്തകള്‍ കൂടാതെ എല്ലാവരും സഹകരിക്കുന്നു. ഈ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് അഡ്വ. എന്‍ ഭാസ്ക്കരന്‍ നായര്‍ ആയിരുന്നു. പ്രശസ്ത ഹാസ്യനാടകകൃത്തും അദ്ധ്യാപകനും മുന്‍ വിദേശകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ എന്‍ ദീക്ഷിതിന്റെ പിതാവ്  മുന്‍ഷി പരമുപിള്ളയ്ക്ക് ജന്മം നല്‍കിയ പഞ്ചായത്തുമാണിത്.